Friday, March 14, 2014

ഒരു ചെറുകഥ

വിശപ്പ് 




              ഞാൻ ജീവിതം വെറുത്തു. ഒരു നേരത്തെ ഭക്ഷണം ലഭിച്ചപ്പോൾ ജീവിതത്തോട് താൽപര്യം തോന്നിത്തുടങ്ങി. 
                     
                        വീണ്ടും വിശക്കുന്നു, ജീവിതത്തിൽ സന്തോഷമില്ല സന്താപവും, പരിഭവമില്ല പരാധീനതകളും. സർവം സുഖമയം.ഒന്നു മാത്രം പ്രതീക്ഷിക്കുന്നു, മരണത്തെ  - സർവ വ്യാപിയായ ആ അവതാരത്തെ - വരും, വരാതിരിക്കില്ല.

                      ചീത്ത കൂട്ടുകെട്ടുകൾ മനുഷ്യനെ വഴി തെറ്റിക്കുന്നു.നല്ല കൂട്ടുകൾ നല്ല വഴിയിലേക്ക് എത്തിക്കുന്നു. ഇത് രണ്ടും ഇല്ലാത്തതിനാൽ പെരുവഴിയിലായി.

                       വല്ലാത്ത കുലുക്കത്തോടെ ഒരു ട്രെയിൻ കടന്നു പോയി. ആത്മഹത്യ ചെയ്യാൻ മടിയായിട്ടല്ല. മരണം ഇരന്നു വാങ്ങുന്നതിനോട് യോചിപ്പില്ല. വരും വരാതിരിക്കില്ല.

                     കടന്നുപോയ വഴികളിലൂടെ കണ്ണോടിച്ചാൽ ഓർത്തെടുക്കാൻ ഒന്നുമില്ല. ഒരു സാധാരണ ജീവിതം. അതുകൊണ്ട് തന്നെയാണ് ജീവിതത്തോട് താൽപര്യം നഷ്ടപ്പെട്ടത്. ഒർത്തുവെക്കാനും കാത്തുവെക്കാനും ജീവിക്കാനും വകയില്ലാത്തവന് വേണ്ടി മരണം ഒരു കൊട്ടാരം പണിയും. ആ കൊട്ടാരത്തിൻറെ പണി നടന്നുകൊണ്ടിരിക്കയാണ്. പണിതീർന്നാൽ വരും വരാതിരിക്കില്ല.

                        ഒരു കവിത വരുന്നു, അഗധതയുടെ ആഴങ്ങളിൽ നിന്ന് ഒരു കവിത ജനിക്കുന്നു. മരണം, അതിലും അവൻ തന്നെ വിഷയം.

                    വിഷപ്പടങ്ങുന്നില്ല എന്തുചെയ്യും? 

                   വിശാലമായ ഹോട്ടൽ. പിൻഭാഗത്ത് ചെന്ന് കൈനീട്ടി. കടക്കാരന് മനസ്സിലായി. മുഖം ഉയർത്തിനോക്കിയില്ല. ദുരഭിമാനം! അഭിമാനമില്ലാത്തവന് എന്ത് ദുരഭിമാനം? ചോറ് കിട്ടി വയറുനിറഞ്ഞു.

                   ജീവിതം തന്റെ വിശാലമായ കൈകൾ നീട്ടി മുന്നിലുള്ളപ്പോൾ എന്തിനാണ് മരണത്തെ വഴിതേടുന്നത്.

                     ജീവിതമേ, ഞാനിതാ വരുന്നു.

കടപ്പാട്    : എന്റെ കൂട്ടുകാരാൻ രജീഷ്.എം ജി


കവിത

ഏതോ വഴിയിലൂടെങ്ങോ യാത്രയായ്
ഉണ്ണീ അമ്മയിനി എകാന്ത വീഥിയിൽ
കണ്ണുനീർ തുള്ളികൾ മൂളുന്ന രാഗം
ശോകാന്ത സ്പർശമായ് നിന്നെത്തലോടവേ
മനസിൻ്റെ ദാർഢ്യം മുറുകാത്ത കെട്ടുപോൽ
ശക്തിയില്ലുണ്ണീ പകരാതെ നീ പോകെ
താതൻ്റെ ശോകം മഴയായ് ഭവിക്കുന്നു
എങ്ങോ പോകുന്നുതെന്നുണ്ണിക്കുട്ടൻ
സ്വർലോക ജാലകം മലർകെ തുറന്നു
താതൻ്റെ കണ്ണിൽ ഈറൻ്റെ സ്പർശം

                                        - രജീഷ്. എം ജി

പുതു പുഷ്പം

എൻ ജീവനിൽ തളിരിട്ട പുതു പുഷ്പമേ
ഈ ജന്മം നിനക്കായ് അർപ്പിച്ചു ഞാൻ
കാറ്റായ് മഴയായ് നിന്നെത്തലോടുവാൻ
എൻ കൈവിരൽ തുമ്പുകൾ വെമ്പിടുന്നു
തീരാത്ത നൊമ്പരം നീറുന്ന മനമതിൽ
കുളിർ മഴയായ് നീ പെയ്തിടുമോ
കാണാത്ത ദിനരാത്രം കണ്ണീർപൊഴിക്കുമ്പോൾ
നീ തന്ന നാളുകൾ ഓർമയെ പുൽകുന്നു

                                           - രജീഷ്. എം ജി


കവിത

ജീവൻ്റെ പൂക്കാലമെങ്ങോ മറഞ്ഞു പോയ്
ആത്മാവിനുള്ളിൽ നൊമ്പരം മാത്രം
സ്വപ്നമെൻ ചിറകിൻ്റ കീഴിൽ വളർന്നു പോയ്
വ്യർത്ഥമൊരു പൂ പോലെ ശിരസ്സറ്റുപോയ്
സങ്കൽപ ലോകത്ത് ഞാൻ നട്ട തൈകളും
ദാഹനീർ കിട്ടാതെ പാഴ്ജന്മമായ്
ആത്മാവ് മൂളുന്ന ശോകാർദ്രഗീതം
മിഴികളിലീറനായ് പടർന്നിറങ്ങി.

                                                - രജീഷ്. എം ജി



ജനനവും മരണവും


ജനനം മർത്യന്നു സ്വർഗമായ് തീരുന്നു
സ്നേഹം പറവ പോൽ പാറിപ്പറക്കുന്നു
പ്രായം വേളിക്കു വസ്ത്രം തിരയുമ്പോൾ
പാതി വഴിമുറിയുന്നു സ്നേഹ ബന്ധങ്ങൾ
യമ ദേവനരികത്തു ഓടിയെത്തുമ്പോൾ
കൗമാരവും ബാല്യവും കൈവിട്ടു പോയി

                                          - രജീഷ്. എം ജി


കവിത


( വിരഹത്തിൻ്റെ നനുത്ത സ്പർശമുള്ള പ്രണയിനിയുടെ ഓർമകൾ മനസിൽ താലോലിക്കുമ്പോൾ ജീവിത ഗന്ധിയായ യാഥാർത്ഥ്യങ്ങൾ എന്നെ പകച്ചു നോക്കുകയായിരുന്നു.

ജീവിതയാത്രയുടെ ആദ്യ യാമങ്ങളിൽ ആ വീഥിയിൽ തളർന്നിരുന്നപ്പോൾ വിരഹ വ്യഥയിൽ മുങ്ങിയ മനസ്സിന് ഒരിറ്റു കണ്ണുനീർ സമ്മാനിക്കാൻ കഴിഞ്ഞു. നഷ്ടബോധം മനസ്സിനെ അലട്ടുകയായിരുന്നു. ഒടുവിൽ കാർകൂന്തലിൽ പരിഭവ പുഷ്പവുമായി നീയെന്നെ കാത്തിരുന്ന വഴിയിൽ ഞാനെത്തി. ഒരു ഹിമകണം പോലെ നിൻ്റെ കണ്ണുനീർത്തുള്ളി എൻ്റെ ഹൃദയമാം പുഷ്പത്തിലിറ്റു വീണു.)


ഹിമകണം പോലെ നിൻ കണ്ണുനീർ തുള്ളിയെൻ 
ഹൃദയമാം പുഷ്പത്തിലിറ്റു വീണു.
സാന്ത്വന പുഷ്പത്തിലശ്രു ബിന്ദുക്കളൊരു
സ്നേഹ കൂടാരം പണിതുയർത്തി
എൻ മനസിൽ വിരിയുന്ന സങ്കീർത്തന രാഗം
ഒരു സ്വർഗീയ സ്നേഹത്തിൻ ദീപ്തഹാരം
എൻ കനവിൽ പെയ്യുന്ന കുളിർ മഴത്തുള്ളികൾ
നൈർമല്യമൂറുന്ന സ്നേഹമുദ്ര
കാരുണ്യവാനാം ദൈവം വിധിക്കുന്ന
മധുചഷകമാകുന്നു സ്നേഹം
പരിഭവ പുഷ്പം കൂന്തലിൽ ചൂടി
പാഴ്മുളം തണ്ടിൽ മുരളികയോതി

                                                - രജീഷ്. എം ജി


കവിത


കഞ്ഞിക്കുന്നിലെ തട്ടുകടേൽ
ചായ വാറ്റും കുട്ടപ്പേട്ടൻ
കുന്തം പോലൊരു താടിയുണ്ട്
വില്ലുപോലൊരു മീശയുണ്ട്
വാളുപോലെ കൂർത്ത നാവ്
മുഖം നിറയെ വിരൽ പാട്

                                           - രജീഷ്. എം ജി


കവിത


പൂവായ് പൂന്തേനായ് നറു ചന്ദനത്തിൻ മണമായ്
കാതിൽ സ്നേഹത്തിൻ മന്ത്രമോതി എന്നരികിൽ നീ നിൽപൂ
കാറ്റായ് പനിനീരായ് വെൺചന്ദ്രലേഖ പോലെ 
ഉലകത്തിലെങ്ങും പരക്കുന്ന മുല്ലയും പിന്നിൽ
എൻ ഗാനമാണു നീ പൂവേ ഒരു രാഗമാണു നീ


                                         - രജീഷ്. എം ജി


സൽക്കാരം


ആദിത്യനെന്നൊരു രാജാവൊരു ദിനം
പാലക്കാട്ട് വിരുന്നിനു പോയി
സൽക്കാര സങ്കമ സന്തോഷ വേളയിൽ
ആദിത്യ മന്നനു ശങ്ക തോന്നി
പാവമാമരചനു രക്ഷകനെപ്പോലെ
മന്ത്രിക്കു കാര്യം പിടികിട്ടി
ഒപ്പിടാനെന്നൊരു കള്ളം പറഞ്ഞ്
രാജനെ വേഗം ഉൾവലിച്ചു.

  - രജീഷ്. എം ജി



കവിത


രവി വന്നു ഭൂമിതൻ തമ്പുരാനായാൽ
ക്ഷിപ്രം തുടങ്ങുമെൻ ജീവിതയാത്ര
അലയുന്നു ഞാനെൻ ജീവിതപ്പൊരുൾ തേടി
അന്ത്യമില്ലാത്ത ഈ യാത്രയിലൂടെ
തടസങ്ങളൊരുപാടു വന്നു ചേരുമ്പോൾ
പതറുന്നു ഞാനീ വഴിയരികിൽ

                                        - രജീഷ്. എം ജി


കവിത


കാലം നിർമിച്ച കളിമൺ ശിൽപത്തിൻ
കാവൽക്കാരനാണു ഞാൻ
കത്തിച്ചു വെച്ചൊരു കർപ്പൂര ദീപമായ്
അറിയാതെ ഞാൻ വളർന്നൊരു ബാല്യം
അണയാനൊരുങ്ങുന്ന മംഗളദീപമായ്
മാറിത്തുടങ്ങീ ഞാനീ യൗവ്വനത്തിൽ

                                      - രജീഷ്. എം ജി



പാക്കരൻ ചേട്ടൻ


പണ്ടാര നാട്ടിലെ പാക്കരൻ ചേട്ടന്
പാണ്ടൻ നായുടെ കടി കിട്ടി.
പാക്കരൻ ചേട്ടനു കിട്ടിയ സമ്മാനം
നല്ലതു തന്നെന്ന് ചൊല്ലി പിള്ളേര്.
പിള്ളേർക്ക് രണ്ടെണ്ണം പൊട്ടിക്കാനായി
പാക്കരൻ ചേട്ടൻ വടിയെടുത്തു.
വടിയുടെ മേലൊരു കാക്കക്കുട്ടൻ
കഷ്ടം വെച്ചു മറന്നു പോയി.
കടിയും കഷ്ടവും കളിയാക്കലും
പാക്കരൻ ചേട്ടൻ പുഞ്ചിരിയാക്കി.

                                          - രജീഷ്. എം ജി

കവിത



നയന മനോഹരീ
മധുരഭാഷിണീ
നിൻ കളനാദം കരളിൽ
പ്രണയം വിടർത്തുന്നു.
ഏറെ പ്രിയങ്കരം
ഈ സുന്ദര സുസ്മിതം
നിന്നെ ഹൃദയത്തിലേറ്റി ഞാൻ
ബന്ധനം ചെയ്യുന്നു.
പരുഷമെൻ മനസ്സു നീ
കലുഷിതമാക്കി
ഒരു കവിയാക്കി
പക്വതയില്ലാത്ത പ്രണയ കവി
നിറമുള്ള വരികൾ
സുഗന്ധം പൊഴിക്കുന്നു.
അകലു നീ സുന്ദരീ ഒരു നിമിഷമെങ്കിലും
ഒരുപാട് റെക്കോഡുകൾ സബ്മിറ്റ് ചെയ്യണം.



                                            - രജീഷ്. എം ജി

No comments:

Post a Comment